സ്ഥാപന ചരിത്രം
തിരുവനന്തപുരം ജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ലോക്ക് പരിധിയിൽ വരുന്ന ഒരു ഗ്രാമപഞ്ചായത്താണ് പെരുങ്കടവിള. ഈ പഞ്ചായത്തിന്റെ ചരിത്രപരമായ ചില പ്രധാന വിവരങ്ങൾ താഴെ നൽകുന്നു:
രൂപീകരണം
- സ്ഥാപിതമായ വർഷം: പെരുങ്കടവിള ഗ്രാമപഞ്ചായത്ത് ഔദ്യോഗികമായി നിലവിൽ വന്നത് 1953-ലാണ്.
- സ്ഥാനം: പെരുങ്കടവിള ബ്ലോക്കിന്റെ ആസ്ഥാനവും ഈ പഞ്ചായത്തിലാണ് സ്ഥിതി ചെയ്യുന്നത്. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെടുന്ന ബ്ലോക്കിന്റെ കേന്ദ്രമാണിത്.
ഭൂപ്രകൃതി ജനപ്രകൃതി
കുന്നുകളും, കുഴികളും, പാറക്കെട്ടുകളും നിറഞ്ഞ ഭൂമിയാണ് പഞ്ചായത്തിന്റെ ഏറിയ ഭാഗവും. തുലാവര്‍ഷത്തിലും ഇടവപ്പാതിയിലും മഴ ലഭിക്കാറുണ്ട്. ജലസംപുഷ്ടമായ പ്രദേശങ്ങള്‍ പഞ്ചായത്തില്‍ ധാരാളമുണ്ട്. പടിഞ്ഞാറെ അതിര്‍ത്തിയിലൂടെ ഒഴുകുന്ന നെയ്യാറില്‍ നിന്നും ജലസേചനത്തിനും, കുടിവെള്ളത്തിനും വേനല്‍ക്കാലത്തും ജലം ലഭിക്കുന്നുണ്ട്. സഹ്യാദ്രിയില്‍ നിന്നും ഉല്‍ഭവിക്കുന്ന ചിറ്റാര്‍ പേര് സൂചിപ്പിക്കുന്നതുപോലെ തന്നെ വളഞ്ഞ് പുളഞ്ഞ് പഞ്ചായത്തിലൂടെ കടന്നു പോകുന്നു. ചിറ്റാര്‍ “ആയയില്‍” അരുവിപ്പുറം ഭാഗത്തുവച്ച് നെയ്യാറില്‍ ലയിക്കുന്നു. ടി സ്ഥലം പ്രക്യതിരമണീയമായ ത്രിവേണി എന്ന് അറിയപ്പെടുന്നു.
കൃഷിയുംജലസേചനവും
പെരുങ്കടവിള പഞ്ചായത്തിലെ ഭൂമിയുടെ കിടപ്പ് സമതലം, കുന്ന്, ചരിവ് എന്നീ രീതിയിലാണ്. കുന്നിന് പ്രദേശങ്ങളില്‍ വ്യാപകമായി റബ്ബര്‍ ക്യഷി ചെയ്യുന്നു. മാവ്, പ്ലാവ്, പുളി, ആഞ്ഞില് തുടങ്ങിയവയും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ കാണാന്‍ കഴിയും. നിരപ്പായ പ്രദേശവും ചതുപ്പ് നിലങ്ങളും പഞ്ചായത്തില്‍ കാണാന്‍ കഴിയും. മലയോര പഞ്ചായത്തായ പെരുങ്കടവിളയില്‍ പാറക്കെട്ടുകളും കുന്നിന് ചരുവുകളുമാണ് കൂടുതലായി കാണപ്പെടുന്നത്. അരുവിപ്പുറം പഴമല ആങ്കോട് പ്രദേശങ്ങളിലാണ് പാറക്കെട്ട് വളരെ കൂടുതലായി കാണപ്പെടുന്നത്. പല സ്വഭാവ ഗുണമുള്ള മണ്ണാണ് ഈ പഞ്ചായത്തിലുള്ളത്. പ്രധാന മണ്ണിനങ്ങള്‍ - മണല്‍ മണ്ണ്, കളിമണ്ണ്, പശിമരാശി മണ്ണ്, എക്കല്‍ മണ്ണ് എന്നിവയാണ്. ചരല് മണ്ണ് മൈലപ്പെറ്റ-താത്തിയൂര് ഭാഗങ്ങളിലും, മണല്‍ മണ്ണ് ആയയില്‍ തോട്ടവാരം പഴമല ഭാഗത്തും, പാരമണ്ണ് അരുവിപ്പുറം ഭാഗത്തും കാണപ്പെടുന്നു. കൊല്ലങ്ങള്‍ക്ക് മുമ്പ് മലഞ്ചരുവുകളിലെ മരച്ചീനിയുടെ സമതലങ്ങളില്‍ തെങ്ങും, നെല്ലും ആയിരുന്നു. പഞ്ചായത്തിലെ പ്രധാന മരച്ചീനി കൃഷികള്‍, നൂറുമുട്ടന്, കരിയിലപ്പൊരിയന്‍, കയ്യാലചാടി, അടുക്കുമുട്ടന്, കലിയന്, വെള്ളപ്പിരിയന്‍, വിശാഖം, മാങ്കൊഴുന്തന് എന്നിവയായിരുന്നു. ഇപ്പോള്‍ മരച്ചീനി കൃഷി വളരെ കുറവാണ്. മരച്ചീനി കൃഷി ചെയ്തിരുന്ന സ്ഥലങ്ങളില്‍ നാണ്യവിളയായ റബ്ബര്‍ കയ്യടക്കിയിരിക്കുകയാണ്. റബ്ബര്‍, തെങ്ങ്, കുരുമുളക്, വാഴ, പച്ചക്കറികള്‍ എന്നിവയാണ് ഇപ്പോഴത്തെ പ്രധാന കൃഷികള്‍. ജലസേചന സൌകര്യമുള്ള പ്രദേശങ്ങളില്‍ വാഴ വന്‍തോതില്‍ കൃഷി ചെയ്യുന്നു. ഈ പ്രദേശങ്ങളിലെ എത്തവാഴ പേരു കേട്ടതാണ്. വാഴകൃഷിക്ക് രാസവളങ്ങളും ജൈവവളങ്ങളും കര്‍ഷകര്‍ ഉപയോഗിക്കുന്നുണ്ട്. പാളയന്തോടന്, കപ്പ, ഏത്തന്, രസകദളി, അണ്ണാന്, മൊന്തന്‍, ചിങ്ങന്, പൂവന്, റോബസ്റ്റ തുടങ്ങിയവയാണ്. ഇവിടുത്തെ പ്രധാന വാഴയിനങ്ങള്‍. വാഴകൃഷിയോടൊപ്പം തന്നെ പാടങ്ങളില്‍ ചീര ഇഞ്ചി, വെണ്ട, പടവലം, ചേമ്പ്, വെള്ളരി, പാവല്‍, ചീനി എന്നിവയും കൃഷി ചെയ്യുന്നു. തോട്, ആറ് എന്നിവയുടെ തീരപ്രദേശങ്ങളിലും വയല്ക്കരകളിലുമാണ് ഇപ്പോള്‍ തെങ്ങ് ക്യഷി കൂടുതലായുള്ളത്. നെല്‍പ്പാടങ്ങള്‍ നികത്തിയും തെങ്ങ് ക്യഷി ചെയ്യുന്നുണ്ട്. കേര കര്‍ഷകരെ സാങ്കേതികമായി സഹായിക്കുന്നതിനും, ആവശ്യമായ നിര്‍ദ്ദേശങ്ങള്‍ നല്‍കുന്നതിനും വേണ്ടി വാര്‍ഡ് തോറും കേരകര്ഷകസമിതികള് പ്രവര്‍ത്തിച്ചിരുന്നു. ഒരു കേരകര്ഷകസമിതി പഞ്ചായത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. 1988 മുതലാണ് പഞ്ചായത്തിന്റെ കീഴില്‍ കൃഷി ഭവന് നിലവില്‍ വന്നത്. പെരുങ്കടവിള പഞ്ചായത്ത് പ്രദേശത്തെ കര്‍ഷകര്‍ക്ക് കൃഷി ചെയ്യുന്നതിനാവശ്യമായ വായ്പ പ്രധാനമായും ലഭിക്കുന്നത്. ആങ്കോട്, മാരായമുട്ടം സഹകരണസംഘങ്ങളില്‍ നിന്നും, നെയ്യാറ്റിന്‍കര കാര്‍ഷിക വികസന ബാങ്ക്, പെരുങ്കടവിള ഐ.ഓ.ബി, ജില്ലാ സഹകരണ ബാങ്ക് അരുവിപ്പുറം ശാഖ, പെരുമ്പഴുതൂര്‍ ഇന്‍ഡ്യന്‍ ബാങ്ക് എന്നിവിടങ്ങളില്‍ നിന്നാണ്. നെയ്യാര്‍ ഡാമിലെ ഇടതുകര മെയിന്‍ കനാല്‍ പഞ്ചായത്തിലൂടെ പത്ത് കിലോമീറ്റര്‍ ദൂരം കടന്നു പോകുന്നുണ്ട്. ഇതില്‍ തത്തിയൂര് ഒരു അക്വിഡേറ്റ് സ്ഥിതി ചെയ്യുന്നുണ്ട്. രണ്ട് കുന്നുകള്‍ തമ്മില്‍ യോജിപ്പിച്ചു കൊണ്ടുള്ള കോണ്‍ക്രീറ്റ് ബോക്സ് വഴി ചിറ്റാറിന് മുകളിലൂടെ ചാനല്‍ ജലം ഒഴുകുന്നത് കൌതുകം ജനിപ്പിക്കുന്ന കാഴ്ച തന്നെയാണ്. പഞ്ചായത്ത് പ്രദേശത്ത് പെരുങ്കടവിളയില്‍ ഒരു മൃഗാശുപത്രിയും ചുള്ളിയൂര്‍ മണലുവിളയില്‍ ഒരു ഐ.സി.ഡി.പി.സബ്സെന്ററും പ്രവര്‍ത്തിക്കുന്നു. ഒന്‍പതു പഞ്ചായത്തുകള്‍ അധികാരപരിധിയായിട്ടുള്ള പെരുങ്കടവിള ബ്ലോക്ക് ക്ഷീരവികസന ആഫീസ് പെരുങ്കടവിളയിലാണ് പ്രവര്‍ത്തിക്കുന്നത്.
വ്യവസായം/ ഗതാഗതം
തൊഴില്‍ മേഖല പരിശോധിക്കുമ്പോള്‍ വ്യാവസായികമായി പെരുങ്കടവിളയുടെ അവസ്ഥ വളരെ മെച്ചമല്ല എന്നു കാണാം. തൊഴിലെടുക്കുന്നവരില്‍ ചെറിയൊരു ഭാഗം മാത്രമാണ് വ്യവസായ മേഖലയില്‍ ഉള്ളത്. ഇവരില്‍ പകുതിയോളം പേര് പരമ്പരാഗത വ്യവസായങ്ങളിലും മറ്റുള്ളവര്‍ ആധുനിക വ്യവസായങ്ങളിലും പണിയെടുക്കുന്നു. തൊഴിലാളികളില്‍ ഭൂരിഭാഗവും പഞ്ചായത്തിനു പുറത്തുള്ള വ്യവസായ ശാലകളിലാണ് പണിയെടുക്കുന്നത്. പഞ്ചായത്തില്‍ തത്തിയൂര്, അരുവിപ്പുറം, ഭാഗങ്ങളില്‍ കൈത്തറി, നെയ്ത്തുശാലകളും, വടകര - അരുവിപ്പുറം ഭാഗങ്ങളില്‍ തീപ്പെട്ടി നിര്‍മ്മാണ ശാലകളും ബീഡിച്ചുരുട്ടു തൊഴിലില്‍ ഏര്‍പ്പെട്ടിരിക്കുന്നവരും, പായ് , കരകൌശല ഉത്പന്നങ്ങള്‍, ചകിരിനാര് ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന സംഘങ്ങളും കുടില്‍ വ്യവസായ വനിതാ യൂണിറ്റുകളും പ്രവര്‍ത്തിക്കുന്നുണ്ട്. റബ്ബര്‍ ഉല്പന്നങ്ങള് നിര്‍മ്മിക്കുന്ന സൂര്യ റബ്ബര്‍ ഫാക്ടറിയും, ഗ്രാനൈറ്റ് ഖനനത്തില്‍ പ്രവര്‍ത്തിക്കുന്ന ഗ്രാനൈറ്റ് കമ്പനിയും ഇവിടെയുണ്ട്. മലയോര പഞ്ചായത്തായ പെരുങ്കടവിളയുടെ ഏകഗതാഗതമാര്ഗ്ഗം റോഡാണ്. 1968-ല്‍ നിലവില്‍ വന്ന അമരവിള ഒറ്റശേഖരമംഗലം റോഡാണ് പഞ്ചായത്തിലെ പ്രധാന റോഡ്. ഈ റോഡ് 7 കിലേമീറ്റര്‍ നീളം പെരുങ്കടവിള പഞ്ചായത്തിലുണ്ട്. അമരവിള - ഒറ്റശേഖരമംഗലം റോഡ് പൂര്‍ത്തിയായപ്പോള്‍ എം.വി ട്രാവല്‍സും, എ.വി.എന്‍ ട്രാവല്‍സുമാണ് ആദ്യമായി ഇവിടെ ബസ് സര്‍വ്വീസ് നടത്തിയിരുന്നത്. നെയ്യാറ്റിന്‍കര കെ.എസ്.ആര്.റ്റി.സി ബസ്സ് സ്റ്റാന്‍ഡ് സ്ഥാപിക്കുകയും നെയ്യാറ്റിന്‍കര താലൂക്കിലെ മുഴുവന്‍ റൂട്ടുകളും ദേശസാല്‍ക്കരിക്കുകയും ചെയ്തതോടു കൂടി പെരുങ്കടവിള പഞ്ചായത്തില്‍ കെ.എസ്.ആര്.റ്റി.സി സര്‍വ്വീസ് ആരംഭിക്കുകയുണ്ടായി. ഇന്ന് കെ.എസ്.ആര്.റ്റി.സി സര്‍വ്വീസിനോടൊപ്പം എല്ലാ റൂട്ടിലും സമാന്തര സര്‍വ്വീസുകളും നടത്തുന്നുണ്ട്.
ആരോഗ്യം
രാജഭരണക്കാലത്ത് ഇന്നത്തെ പെരുങ്കടവിള പഞ്ചായത്ത് ഉള്‍പ്പെടുന്ന 10 ചതുരശ്ര കിലോമീറ്ററിനുള്ളില്‍ മനുഷ്യജീവന് കൂട്ടമായി അപഹരിച്ചിരുന്ന വസൂരി, കോളറ, മലമ്പനി തുടങ്ങിയ പകര്‍ച്ചവ്യാധികള്‍ തടയുന്നതിനായി ആരംഭിച്ച പെരുങ്കടവിള ഗവണ്മെന്റ് മലേറിയ ഡിസ്പെന്‍സറിയാണ് ഇന്നത്തെ പെരുങ്കടവിള പ്രൈമറി ഹെല്‍ത്ത് സെന്റര്‍. അരുവിപ്പുറത്ത് ഒരു ഗവണ്മെന്റ് ആയുര്‍വേദ ഡിസ്പെന്‍സറിയും ചുള്ളിയൂര്‍ മണലുവിളയില്‍ ഒരു ഹോമിയോ ഡിസ്പെന്‍സറിയും പ്രവര്‍ത്തിക്കുന്നു. സ്വകാര്യമേഖലയില്‍ നാല് അലോപ്പൊതി ചികിത്സാ കേന്ദ്രങ്ങളും ഒരു ആയുര്‍വേദ ആശുപത്രിയും ഒരു ഹോമിയോ ആശുപത്രിയും ഉണ്ട്. ഒരു പ്രക്യതി ചികിത്സാ കേന്ദ്രവും അരുവിപ്പുറത്ത് പ്രവര്‍ത്തിക്കുന്നു. പാരമ്പര്യവൈദ്യന്മാരുടെയും മര്‍മ്മചികിത്സാ രീതിയിലുടെയും ഉള്ള ആരോഗ്യപ്രവര്‍ത്തനങ്ങളും ഈ പഞ്ചായത്തു മേഖലയിലുണ്ട്.
വിദ്യാഭ്യാസം/കുടിവെള്ളവുംപൊതുജനാരോഗ്യവും
പെരുങ്കടവിള ഗ്രാമപഞ്ചായത്തിലെ 65% ജനങ്ങളും കുടിവെള്ളത്തിനായി കിണറുകളെയാണ് ആശ്രയിക്കുന്നത്. നിലവിലുള്ള പഞ്ചായത്ത് ശുദ്ധജലപദ്ധതി മാരായമുട്ടം ഗ്രാമീണശുദ്ധജലസംഭരണി എന്നാണ് അറിയപ്പെടുന്നത്. പെരുങ്കടവിള പഞ്ചായത്തിലെ ജനങ്ങള്‍ കുടിപള്ളികൂടത്തിലാണ് പണ്ടു കാലത്ത് പഠിച്ചിരുന്നത്. ചാരുംകുഴി എന്ന സ്ഥലത്ത് ആദ്യകാലത്ത് ഒരു ഇംഗ്ളീഷ് വിദ്യാഭ്യാസ സ്ഥാപനവും, അരുവിപ്പുറം ക്ഷേത്രത്തോടനുബന്ധിച്ച് ഒരു സംസ്ക്യതപാഠശാലയും ഉണ്ടായിരുന്നു. ഇവ രണ്ടും ഇപ്പോള്‍ നിലവിലില്ല. 1948-ലെ നിര്‍ബന്ധിത പ്രാഥമിക വിദ്യാഭ്യാസ പരിപാടിയുടെ ഭാഗമായിട്ടുള്ള ഔപചാരിക വിദ്യാഭ്യാസ സ്ഥാപനമായ സര്‍ക്കാര്‍ സ്കൂള്‍ പഞ്ചായത്തില്‍ മാരായമുട്ടം വടക്കേ അമ്പലത്താണ് ആദ്യമായി ആരംഭിച്ചത്. ഒന്നാം ക്ലാസുമുതല്‍ ഏഴാം ക്ലാസ്സുവരെ മലയാളം മിഡില്‍ സ്ക്കൂളായിരുന്നു അത്. ഈ സ്കൂളില്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കുന്ന വിദ്യാര്‍ത്ഥികള്‍ ഉപരിപഠനത്തിനായി നെയ്യാറ്റിന്‍കരയിലും കാഞ്ഞിരംകുളത്തുമാണ് പോയിരുന്നത്. പില്ക്കാലത്ത് മാരായമുട്ടം യു.പി.എസ്., എച്ച്.എസ്സ് ആയി ഉയര്‍ത്തുകയുണ്ടായി.
ഭൂമിശാസ്ത്രപരമായ പ്രത്യേകതകൾ
- വിസ്തൃതി: ഏകദേശം 17.54 ചതുരശ്ര കിലോമീറ്റർ ആണ് പഞ്ചായത്തിന്റെ വിസ്തീർണ്ണം.
- അതിരുകൾ: നെയ്യാറ്റിൻകര നഗരസഭ, കുന്നത്തുകാൽ, കൊല്ലയിൽ, ആര്യൻകോട് തുടങ്ങിയ പഞ്ചായത്തുകളുമായി ഇത് അതിർത്തി പങ്കിടുന്നു.
സാമൂഹിക-സാംസ്കാരിക ചരിത്രം
- അരുവിപ്പുറം പ്രതിഷ്ഠ: പെരുങ്കടവിള പഞ്ചായത്തിന്റെ ചരിത്രത്തോട് ചേർന്നുനിൽക്കുന്ന പ്രധാന സ്ഥലമാണ് അരുവിപ്പുറം. 1888-ൽ ശ്രീനാരായണ ഗുരു ഇവിടെ നടത്തിയ വിപ്ലവകരമായ ശിവപ്രതിഷ്ഠ കേരളത്തിലെ സാമൂഹിക പരിഷ്കരണ ചരിത്രത്തിലെ സുവർണ്ണ അധ്യായമാണ്. ഇത് പഞ്ചായത്തിന്റെ സാംസ്കാരിക പൈതൃകത്തിന് വലിയ പ്രാധാന്യം നൽകുന്നു.
- വിദ്യാഭ്യാസം: 2001-ലെ കണക്കുകൾ പ്രകാരം പഞ്ചായത്തിലെ സാക്ഷരതാ നിരക്ക് 86.62% ആണ്.
ഭരണസംവിധാനം
- നിലവിൽ പഞ്ചായത്തിനെ 17 വാർഡുകളായി തിരിച്ചിട്ടുണ്ട്.
- പഴമല,ആങ്കോട്, പാൽകുളങ്ങര,ആലത്തൂർ, തത്തിയൂർ,തൃപ്പലവൂർ,അരുവിക്കര,വടകര,ചുള്ളിയൂർ,അണമുഖം,അരുവിപ്പുറം,മാരായമുട്ടം,അയിരൂർ,മണലുവിള, പുളിമാംകോട്,തത്തമല,പെരുങ്കടവിള എന്നിവയാണ് പ്രധാന വാർഡുകൾ.
- ഗ്രാമപഞ്ചായത്തിന്റെ ദൈനംദിന പ്രവർത്തനങ്ങൾ സുതാര്യമാക്കാൻ K-SMART പോലുള്ള ഡിജിറ്റൽ പ്ലാറ്റ്ഫോമുകൾ ഇപ്പോൾ സജീവമായി ഉപയോഗിക്കുന്നുണ്ട്.