ചരിത്രം
തിരുവനന്തപുരംജില്ലയിലെ നെയ്യാറ്റിൻകര താലൂക്കിൽ പെരുങ്കടവിള ബ്ളോക്ക് പരിധിയിൽ വരുന്ന ഗ്രാമപഞ്ചായത്താണ് 17.54 ച : കി.മീ വിസ്തൃതിയുള്ള പെരുങ്കടവിള ഗ്രാമപഞ്ചായത്ത്. പെരുങ്കടവിള പഞ്ചായത്ത് 1953-ൽ നിലവിൽ വന്നു. ഒൻപത് പഞ്ചായത്തുകൾ ഉൾപ്പെട്ട പെരുങ്കടവിള ബ്ളോക്കിന്റെ ആസ്ഥാനവും ഗ്രാമപഞ്ചായത്ത് ആസ്ഥാനവും പെരുങ്കടവിളയിലാണ്.
ചരിത്രം
ഭരണപരമായ ചരിത്രം
തിരുവനന്തപുരത്തിന്റെ തെക്കേ അറ്റത്തുള്ള നെയ്യാറ്റിന്‍കര താലൂക്കിന്റെ വടക്കുഭാഗത്തായി സ്ഥിതി ചെയ്യുന്ന ഒരു മലയോര പഞ്ചായത്താണ് പെരുങ്കടവിള. പെരുങ്കടവിള പഞ്ചായത്ത് 1953-ല്‍ നിലവില്‍ വരികയും ശ്രീ.പി.കെ. കുമാരന്‍ നായരുടെ നേത്യത്വത്തിലുള്ള 8 അംഗഭരണ സമിതി ആഗസ്റ്റ് 15-ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരം ഏറ്റെടുക്കുകയും ചെയ്തു. കീഴാറൂര്‍, പെരുങ്കടവിള എന്നീ വില്ലേജുകള്‍ ഉള്‍പ്പെട്ടതായിരുന്നു ആദ്യത്തെ പെരുങ്കടവിള പഞ്ചായത്ത്. 1971 ആഗസ്റ്റ് 1-ാം തീയതി കീഴാറൂര്‍ വില്ലേജിനെ വേര്‍പെടുത്തി ആര്യന്‍കോട് പഞ്ചായത്തും പെരുങ്കടവിള വില്ലേജിനെ നിലനിറുത്തികൊണ്ട് പെരുങ്കടവിള പഞ്ചായത്ത് പുന:സംഘടിപ്പിച്ചു. ആര്യവിള-അമരവിളയും മഹാരാജമുട്ടം മാരായമുട്ടവും ആയി ലോപിച്ചതു പോലെ കച്ചവടത്തിനായി ആര്യങ്കാവു കടന്നു വന്ന ആര്യന്മാര്‍ ആര്യന്‍കോട് താവളമുറപ്പിച്ചപ്പോള്‍ അവരുടെ വ്യാപാര കേന്ദ്രമാക്കി മാറിയിരുന്ന”പെരുംകടവിള”യാണ് പില്‍ക്കാലത്ത് പെരുങ്കടവിളയായി മാറിയത്. ഒന്‍പത് പഞ്ചായത്തുകള്‍ ഉള്‍പ്പെട്ട പെരുങ്കടവിള ബ്ലോക്കിന്റെ ആസ്ഥാനവും ഗ്രാമപഞ്ചായത്ത് ആസ്ഥാനവും പെരുങ്കടവിളയിലാണ്. ബ്ലോക്ക് ആഫീസ് മന്ദിരം 1957-ല്‍ ഉദ്ഘാടനം ചെയ്തത് കേരളത്തിന്റെ ആദ്യത്തെ മുഖ്യമന്ത്രിയായിരുന്ന ശ്രീ.ഇ.എം.എസ്.നമ്പൂതിരിപ്പാടായിരുന്നു. ആദ്യകാലത്ത് വാടക കെട്ടിടത്തില്‍ പ്രവര്‍ത്തിച്ചിരുന്ന ഗ്രാമപഞ്ചായത്ത് ആഫീസിന് 1962-ല്‍ സ്വന്തമായി കെട്ടിടം നിര്‍മ്മിച്ചു. 1994-ല്‍ ഇന്നു കാണുന്ന നിലയില്‍ പഞ്ചായത്ത് ആഫീസ് മന്ദിരം വിപുലീകരിച്ചു. മലമ്പനി നിവാരണത്തിനായി പ്രവര്‍ത്തിച്ചിരുന്ന കേന്ദ്രമാണ് പില്‍ക്കാലത്ത് പെരുങ്കടവിള പ്രാഥമിക ആരോഗ്യകേന്ദ്രമായി മാറിയത്. 1968-ല്‍ നിലവില്‍ വന്ന അമരവിള-ഒറ്റശേഖരമംഗലം റോഡാണ് പഞ്ചായത്തിലെ പ്രധാന ഗതാഗതമാര്‍ഗ്ഗം. 1960-കളില്‍ തന്നെ കാട്ടാക്കട വഴി വൈദ്യുതി പെരുങ്കടവിളയില്‍ എത്തിയിരുന്നു. പഞ്ചായത്തിലെ പ്രധാന മാര്‍ക്കറ്റ് മാരായമുട്ടത്ത് സ്ഥിതി ചെയ്യുന്നു. കീഴാറൂര്‍ പെരുങ്കടവിള വില്ലേജുകള്‍ അധികാരപരിധിയായിട്ടുള്ള ആദ്യത്തെ പെരുങ്കടവിള പഞ്ചായത്ത് 1953 ആഗസ്റ്റ് 15-ന് നിലവില്‍ വന്നു. 1971 ആഗസ്റ്റ് 1-ാം തീയതി ചെമ്പൂര്, ഇടവാല്‍, മൈലച്ചല്‍, കീഴാറൂര്‍, ചിലമ്പറ വാര്‍ഡുകളായി വരുന്ന കീഴാറൂര്‍ വില്ലേജിന്റെ ഭാഗമായിട്ടുള്ള പെരുങ്കടവിള പഞ്ചായത്തിനെ വേര്‍പെടുത്തി ആര്യന്‍കോട് പഞ്ചായത്ത് എന്ന പേരില്‍ പുതിയതായി ഒരു പഞ്ചായത്ത് രൂപീകരിച്ചു. ശേഷിച്ച പെരുങ്കടവിള വില്ലേജിന്റെ ഭാഗമായി വരുന്ന ആങ്കോട്, പെരുങ്കടവിള, അരുവിപ്പുറം, മാരായമുട്ടം, ചുള്ളിയൂര്‍, തത്തിയൂര്‍ തുടങ്ങിയ വാര്‍ഡുകളെ മാത്രം ഉള്‍പ്പെടുത്തി ഇന്ന് നിലവിലുള്ള പെരുങ്കടവിള പഞ്ചായത്ത് പുന:സംഘടിപ്പിച്ചു. 1971 ആഗസ്റ്റ് 1 മുതല്‍ 1979 വരെ അഡ്മിനിസ്ട്രേറ്റീവ് കമ്മിറ്റി ഭരണം നടത്തി.
സാമൂഹ്യ-സാമ്പത്തിക ചരിത്രം
തിരുവനന്തപുരം കന്യാകുമാരി റൂട്ടില്‍ സ്വദേശാഭിമാനി കെ.രാമക്യഷ്ണപിള്ളയുടെയും വീരരാഘവന്റേയും ജന്മനാടായ നെയ്യാറ്റിന്‍കരയില്‍ നിന്നും 10 കിലോ മീറ്റര്‍ വടക്കു മാറി സ്ഥിതി ചെയ്യുന്ന പെരുങ്കടവിള പഞ്ചായത്തിലൂടെ കടന്നു പോകുന്ന നെയ്യാര്‍, അഗസ്ത്യവനത്തില്‍ നിന്നും ഉത്ഭവിച്ച് അറബിക്കടലില്‍ പതിക്കുന്നു. ഈ പഞ്ചായത്തിനും കുന്നത്തുകാല്‍ പഞ്ചായത്തിനും വേണ്ട ശുദ്ധജലം നല്‍കുന്ന ഒരു അക്ഷയ പ്രവാഹമാണ് നെയ്യാര്‍. മനുഷ്യരുടെ ജാതി നരജാതി മാത്രമാണെന്നും മറ്റ് ജാതി പേരുകള്‍ എല്ലാം സങ്കല്പജാതി പേരുകളാണെന്ന് മനസ്സിലാക്കാന്‍ കഴിയാത്ത ഏതാനും വ്യക്തികളുടെ നേത്യത്വത്തില്‍ കൊല്ലവര്‍ഷം 90-ാം മാണ്ടില്‍ ഒരു സംഘട്ടനം ചുള്ളിയൂര്‍ കേന്ദ്രമാക്കി നടന്നിട്ടുണ്ട്. ഇതിനെ 90-ാം മത് ലഹള എന്ന് പഴമക്കാര്‍ പറഞ്ഞു വരുന്നു. ചായക്കടകളിലും ബാര്‍ബര്‍ ഷോപ്പുകളിലും ഹരിജനങ്ങള്‍ക്ക് പ്രവേശനം നിഷേധിച്ചിരുന്ന സ്ഥിതിവിശേഷം ഈ പഞ്ചായത്തില്‍ നിലനിന്നിരുന്നു. മാര്‍ത്താണഡവര്‍മ്മയുടെ ചരിത്രവുമായി ബന്ധപ്പെട്ടു വരുന്ന ചടച്ചി മാര്‍ത്താണ്ഡന്‍പിള്ള പഞ്ചായത്തിലെ ചുള്ളിയൂര്‍ നിവാസിയാണ്. മാര്‍ത്താണ്ഡവര്‍മ്മയും എട്ടുവീട്ടില്‍ പിള്ളമാരും തമ്മിലുള്ള സംഘട്ടനവുമായി ബന്ധപ്പെട്ട് യാത്രമദ്ധ്യേ വഴിതെറ്റി എങ്ങോട്ട് പോകണമെന്നറിയാതെ മഹാരാജാവ് മുട്ടിയ സ്ഥലമാണ് മഹാരാജമുട്ടമായും പില്‍ക്കാലത്ത് മാരായമുട്ടമായും അറിയാന്‍ ഇടയായത്. മഹാരാജാവ് “മാല” കുളത്തിന്‍ കരയില്‍ വച്ച് മറന്ന സ്ഥലമാണ് മാലകുളങ്ങരയായി അറിയപ്പെടുന്നതും. വിശ്വനവോത്ഥാനം ലക്ഷ്യമാക്കിയുള്ള ശ്രീ നാരായണന്റെ പ്രവര്‍ത്തനവുമായി ബന്ധപ്പെട്ടാണ് മാട്ടാംകോട് ശങ്കരന്‍കുഴി പ്രദേശം അരുവിപ്പുറമായി അറിയാന്‍ ഇടയായത്. അരനൂറ്റാണ്ടുമുമ്പ് സഞ്ചാര സാഹിത്യകാരനായ എസ്.കെ.പൊറ്റക്കാട് അരുവിപ്പുറം സന്ദര്‍ശിച്ചതിനെക്കുറിച്ച് അദ്ദേഹത്തിനെ “ഗദ്യമേഖല” എന്ന പുസ്തകത്തില്‍ പറഞ്ഞിരിക്കുന്നത് ഇപ്രകാരമാണ് “ അരുവിപ്പുറം ! നെയ്യാറ്റിന്‍കര പട്ടണത്തില്‍ നിന്ന് വഴി തെറ്റി വരുന്ന പാതയിലൂടെ മൂന്ന് നാഴിക വരെ വാഹനങ്ങള്‍ പോകും. വാഹനം അവിടെ വിട്ട് ആ കുഗ്രാമത്തിലെ ഇടവഴികളിലൂടെ നടന്നുപോകുമ്പോള്‍ കുശവസങ്കേതങ്ങളും, കര്‍ഷകഗ്യഹങ്ങളും, കൂലിപ്പണിക്കാരുടെ കൂരപുരകളും ചിന്നിചിതറികിടക്കുന്ന പറമ്പുകള്‍ കാണാം. തോടും വയല്‍വരമ്പുകളും മണല്‍ പറമ്പുകളും കടന്ന് ആ പഞ്ഞം പിടിച്ച ഒതുങ്ങിയ ഗ്രാമത്തിലൂടെ പോകുന്ന ഊടുപാത ഒരരുവിക്കരയില്‍ അവസാനിക്കുന്നു. അഗസ്ത്യാര്‍കൂടത്തില്‍ നിന്നുത്ഭവിച്ചൊഴുകുന്ന നെയ്യാറാണത്. അപ്പുറം ഉയര്‍ന്ന കുന്നുകള്‍ കിടക്കുന്നു. ആ കുന്നിന്റെ മുകള്‍ ഭാഗം മുഴുവന്‍ കാടുകളും പാറക്കൂട്ടങ്ങളും കൊണ്ട് പൊതിഞ്ഞിരിക്കുകയാണ്. ഇതില്‍ നിന്നും ഇന്നറിയപ്പെടുന്ന ചെമ്പരത്തിവിള തൊഴുക്കല്‍ വഴി നെയ്യാറ്റിന്‍കരയുമായി ബന്ധപ്പെട്ടായിരുന്നു അരുവിപ്പുറത്തുകാര്‍ ആദ്യകാലത്ത് ദൂരസ്ഥലങ്ങളില്‍ പോയിരുന്നത് എന്ന് വ്യക്തം. കാനനഭൂമിയായ അരുവിപ്പുറത്ത് ഏതാനും വീടുകള്‍ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ശ്രീ നാരായണ ഗുരുദേവന്‍ 1888-ല്‍ തന്റെ കര്‍മ്മപദ്ധതികളുടെ തുടക്കം കുറിച്ച അരുവിപ്പുറം പ്രതിഷ്ഠ ഈ ഗ്രാമപഞ്ചായത്തിലാണ്. എസ്.എന്‍.ഡി.പി യോഗത്തിന്റെ ആദ്യയോഗം 1903-ല്‍ ചേര്‍ന്നതും നമ്മുടെ പഞ്ചായത്തിലെ അരുവിപ്പുറത്താണ്. ശ്രീ നാരായണ ഗൂരുവിന്റെ പ്രഥമ ശിഷ്യന്‍ മാരായമുട്ടം ദേശത്ത് വലിയപറമ്പ് മണ്ണാറത്തല തറവാട്ടിലെ “അയ്യപ്പന്‍ പിള്ള” പെരുങ്കടവിള പഞ്ചായത്ത്കാരനാണ്. വിശ്വമഹാകവി കുമാരനാശാന്‍ ദീര്‍ഘനാള്‍ പഞ്ചായത്തിലെ അരുവിപ്പുറത്ത് തങ്ങുകയും കവിതകള്‍ രചിക്കുകയും ചെയ്തിട്ടുണ്ട്. കേരളത്തിന്റെ സാമൂഹ്യ സാംസ്ക്കാരിക നവോത്ഥാന നായകന്മാരില്‍ ബഹുഭൂരിപക്ഷവും നവകേരള സ്യഷ്ടിയുടെ കാഹളമൂതുന്നതിന്റെ മുന്നോടിയായി അരുവിപ്പുറത്ത് എത്തിയിട്ടുണ്ട്. സാമൂഹ്യപരിഷ്ക്കര്‍ത്താവായ ഡോ.പല്‍പ്പു, യുക്തിവാദി പ്രസ്ഥാനത്തിന്റെ അമരക്കാരന്‍ സഹോദരന്‍ അയ്യപ്പന്‍ അവശവിഭാഗങ്ങളുടെ നേതാവായ അയ്യന്‍കാളി, ടി.കെ.മാധവന്‍, ജോണ്‍ യേശുദാസ്, കെ.കേളപ്പന്‍, സി.കേശവന്‍ തുടങ്ങിയ പല പ്രമുഖ വ്യക്തികളും അരുവിപ്പുറത്ത് എത്തിചേര്‍ന്നിട്ടുണ്ട്.